ചലച്ചിത്രോത്സവ രാവുകള്‍ സംഗീതസാന്ദ്രമാക്കാന്‍ വെള്ളിയാഴ്ച മുതൽ സംഗീത സന്ധ്യകൾ

ചലച്ചിത്രമേളയ്ക്ക് കൊഴുപ്പേകാൻ നാടന്‍ പാട്ടുകള്‍ മുതല്‍ പോപ്പ് സംഗീത സന്ധ്യ വരെ അരങ്ങേറും . അഭയ ഹിരണ്‍മയി ഉള്‍പ്പെടെയുള്ള ഗായകരും പ്രമുഖ മ്യൂസിക് ബാന്‍ഡുകളുമാണ് ചലച്ചിത്ര രാവുകള്‍ക്ക് ഉത്സവഛായയേകാന്‍ സാംസ്‌കാരിക പരിപാടികളുമായി എത്തുന്നത്.മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നിശാഗന്ധിയിൽ സ്ത്രീ താൾ തരംഗിന്റെ ഗാന സന്ധ്യയോടെയാണ് തുടക്കം.സ്ത്രീകള്‍ നയിക്കുന്ന  അഖിലേന്ത്യാ  താളവാദ്യ സംഘമായ  സ്ത്രീ  താള്‍ തരംഗിന്  സുകന്യ രാംഗോപാലാണ്  നേതൃത്വം നൽകുന്നത് .വാദ്യമേളത്തോടെയാണ് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഉദ്ഘാടന ചടങ്ങിന് തുടക്കമാകുക. ഘടം, ഘടതരംഗം, കൊന്നക്കോല്‍ എന്നിവയ്ക്കൊപ്പം വീണ, വയലിന്‍, മൃദംഗം, മോര്‍സിങ് തുടങ്ങിയ വാദ്യോപകരണ വിദഗ്ധരും ഈ സംഗീത സന്ധ്യക്ക്‌ അകമ്പടിയേകും.ഡിസംബർ ഒൻപതു മുതൽ മാനവീയം വീഥിയിലാണ് വൈകിട്ട് ഏഴിന് കലാപരിപാടികൾ അരങ്ങേറുന്നത് . അഭയ ഹിരണ്‍മയിയും ഷിയോണ്‍ സജിയും മ്യൂസിക് ബാന്‍ഡുകളായ ഫ്‌ളൈയിംഗ്  എലിഫന്റ്, രാഗവല്ലി, മാങ്കോസ്റ്റീന്‍ ക്ലബ്, ഇഷ്‌ക് സൂഫിയാന എന്നിവയും മാനവീയത്തെ സജീവമാക്കും.മഴയേ മഴയേ, തന്നേ താനെ, കോയിക്കോട് ഗാനം തുടങ്ങിയ ജനപ്രിയ ഗാനങ്ങള്‍ ആലപിച്ച പിന്നണി ഗായിക അഭയ ഹിരണ്‍മയി അവതരിപ്പിക്കുന്ന പിക്കിൾ ജാർ ഗാനസന്ധ്യ ഡിസംബര്‍ 9ന്  മാനവീയം വീഥിയില്‍ അരങ്ങേറും. പാട്ടുകള്‍കൊണ്ട് ത്രസിപ്പിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ഫ്‌ളൈയിംഗ് എലിഫന്റ് മ്യൂസിക് ബാന്‍ഡും ചെമ്പൈ മെമ്മോറിയല്‍ മ്യൂസിക് കോളേജിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ രാഗവല്ലി മ്യൂസിക് ബാന്‍ഡും കോഴിക്കോട് ആസ്ഥാനമായുള്ള ഇന്‍ഡി മ്യൂസിക് ബാന്‍ഡായ മാംഗോസ്റ്റീന്‍ ക്ലബും ഷിയോണ്‍ സജി മ്യൂസിക് ലൈവുമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിരുന്നൊരുക്കുക.ഡിസംബര്‍ 15ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അഖില്‍  മാവേലിക്കരയും സംഘവും അവതരിപ്പിക്കുന്ന പരമ്പരാഗത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഫ്യൂഷന്‍ സംഗീതസന്ധ്യയോടെ ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീഴും.

Comments (0)
Add Comment