തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് നിര്‍മ്മിച്ച അന്തര്‍ദേശീയ നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്‍റര്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ ക്ലൈനസ് റൊസാരിയോ, കെടിഐഎല്‍ എംഡി മനോജ് കിണി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വേളി ടൂറിസ്റ്റ് വില്ലേജിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 20 കോടി ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മ്മിച്ചത്. 27,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കണ്‍വെന്‍ഷന്‍ സെന്‍ററില്‍ 750 പേര്‍ക്കുള്ള ഇരിപ്പിട സൗകര്യമുണ്ട്. 300 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാം.
സമുച്ചയത്തില്‍ 60 കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. കണ്‍വെന്‍ഷന്‍ സെന്‍ററിനൊപ്പം വിവിധോദ്ദേശ്യ ടൂറിസ്റ്റ് ഫെസിലിറ്റി സെന്‍ററും ഒരുക്കിയിട്ടുണ്ട്.വേളി ടൂറിസ്റ്റ് വില്ലേജിലെ വിനോദസഞ്ചാര സാധ്യത മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതികളുടെ രണ്ടാംഘട്ടമാണിത്. വികസന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ മിനിയേച്ചര്‍ ട്രെയിന്‍ പദ്ധതി നടപ്പിലാക്കിയിരുന്നു.