മലയാള സിനിമ സംവിധായകരുടെ പോർട്രെയ്റ്റ് പെയിൻറിങ് പ്രദർശനം രണ്ടാഴ്ച പിന്നിട്ടുമ്പോൾ കാണാൻ എത്തിയ പ്രശസ്തരുടെ എണ്ണവും കൂടിക്കൂടി വരികയാണ്.സാധാരണയായി ചലച്ചിത്ര സംബന്ധിയായ ചിത്രപ്രദർശനത്തിൽ ഒന്നുകിൽ സിനിമ പോസ്റ്റർ അല്ലെങ്കിൽ താരങ്ങളുടെ മുഖങ്ങൾ മാത്രമേ ഉണ്ടാകാറുള്ളൂ. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി ചിത്രകാരൻ ശ്യാം താൻ നേരിൽ കണ്ടതും അല്ലാത്തതുമായ സംവിധായകരുടെ മാത്രം ചിത്രങ്ങൾ സ്വന്തം ഭാവനയിൽ സൂക്ഷ്മ ഭാവങ്ങൾ കൊണ്ട് വർണ്ണക്കാഴ്ചയാക്കി യതാണ് ഈ പ്രദർശനത്തിൻ്റെ മേന്മ.സംവിധായകരുടെ മുഖത്തെ വൈകാരികമായ എക്സ്പ്രഷനുകൾക്ക് പ്രാധാന്യം നൽകിയാണ് ഓരോ ചിത്രവും അദ്ദേഹം പൂർത്തിയാക്കിയത്.40 ഓളം ചിത്രങ്ങൾ വരയ്ക്കാൻ വെറും 15 ദിവസങ്ങൾ മാത്രമാണ് ചെലവഴിച്ചത് എന്നത് തികച്ചും അത്ഭുതാവഹമായ നേട്ടമായി മാറുന്നു.സിനിമയുടെ പിതാവ് ജെസിദാനിയൽ, നിർമ്മാണസംവിധാന പ്രതിഭകളായ പി. സുബ്രമണ്യം കുഞ്ചാക്കോ, മന്ദഹാസം പൊഴിക്കുന്ന അടൂർ, എം ടി , തീക്ഷ്ണമായ കണ്ണുകളുമായി ജോൺ എബ്രഹാം, കഥകൾ വിരിയുന്ന ഭാവനയിൽ പത്മരാജൻ, കുറുമ്പു നോട്ടവുമായി ബാലചന്ദ്രമേനോൻ, ഭാവനയുടെ ലോകത്തെ ലോഹിതദാസ്, ജനക്കൂട്ടങ്ങൾക്ക് നടുവിലെ ഐ.വി.ശശി, ന്യൂജൻ ഹെയർ സ്റ്റൈലിൽ പ്രിയദർശൻ ആദ്യകാല ഹിറ്റ് മേക്കേഴ്സ് കെ.എസ്. സേതുമാധവൻ, രാമു കാര്യാട്ട്, ശശികുമാർ എം കൃഷ്ണൻ നായർ തുടങ്ങി ലിജോ ജോസ് പെല്ലിശ്ശേരി വരെ നീളുടെ സംവിധാനപ്പെരുമ.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകല ഗ്യാലറിയിൽ നടക്കുന്ന സംവിധാന പ്രപഞ്ചം ഉദ്ഘാടനം നിർവഹിച്ചത് മലയാള സിനിമയുടെ പിതാവ് ജെ സി ദാനിയലിൻ്റെ മകൻ ഹാരിസ് ഡാനിയലാണ്. പ്രദർശനത്തിന്റെ ക്യൂറേറ്റർ ഡോക്ടർ രഞ്ജു ലീഫ് ആണ് സിനിമാ സംബന്ധമായ കോർപ്പറേറ്റ് പരമ്പരയുടെ ആദ്യഘട്ടമായാണ്
ശ്യാം ഗോപാലാചാര്യ നാല്പതോളം സംവിധായകരുടെ ചിത്രങ്ങൾ നിറക്കൂട്ടിൽ ചാലിച്ചിരിക്കുന്നത് .
ലീഫ് ആർട്ട് പ്രോജക്ടും സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചേർന്നാണ് ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
മാർച്ച് 15 ന് പ്രദർശനം സമാപിക്കും.