ജിടെക് ചെയര്‍മാനായി വി.കെ മാത്യൂസിനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്‍റെ (ജിടെക്) ചെയര്‍മാനായി ഐബിഎസ് സോഫ്റ്റ് വെയര്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസിനെ തെരഞ്ഞെടുത്തു. 2024-26 കാലയളവിലേക്കാണ് നിയമനം.ടാറ്റ എല്‍ക്സി തിരുവനന്തപുരം സെന്‍റര്‍ ഹെഡ് ശ്രീകുമാര്‍ വി ആണ് സെക്രട്ടറി. തിരുവനന്തപുരത്ത് നടന്ന ജിടെക് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. 2026 ഏപ്രില്‍ വരെയാണ് ഭാരവാഹികളുടെ കാലാവധി.കേരളത്തിലെ 80 ശതമാനം ഐടി പ്രൊഫഷണലുകള്‍ അടങ്ങുന്ന 250 ഓളം ഐടി കമ്പനികള്‍ ജിടെക്കിലെ അംഗങ്ങളാണ്. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നീ മൂന്ന് ഐടി പാര്‍ക്കുകളില്‍ 2 ലക്ഷത്തോളം ഐടി പ്രൊഫഷണലുകളാണ് ജോലി ചെയ്യുന്നത്. 2023 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം ഈ പാര്‍ക്കുകളില്‍ നിന്നുള്ള ഐടി കമ്പനികളുടെ കയറ്റുമതി വരുമാനം 20,000 കോടി രൂപയാണ്.യുവാക്കളെ ക്രിയാത്മകമായി സ്വാധീനിക്കുകയും ബിസിനസ്, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ട്രേഡ് അസോസിയേഷനായി ജിടെക് മാറിയെന്ന് യോഗത്തില്‍ സംസാരിച്ച വി.കെ മാത്യൂസ് പറഞ്ഞു. ഐടി കമ്പനികളെയും ഐടി സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുക, സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക, ഐടി വ്യവസായത്തില്‍ പൊതുജന പിന്തുണ വര്‍ധിപ്പിക്കാനുള്ള സ്വാധീനം ചെലുത്തുക തുടങ്ങിയവയിലൂടെ കേരളത്തിലെ ഐടി വ്യവസായത്തിന്‍റെ ത്വരിതഗതിയിലുള്ള വളര്‍ച്ച സുഗമമാക്കുകയാണ് ജിടെക് ചെയ്യുന്നത്. ഐടി കമ്പനികളുടെ നേരിട്ടുള്ള ഓരോ തൊഴിലിലും നാല് പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ഐടിയെ പിന്തുണയ്ക്കുന്നത് പൊതുജനങ്ങളെ പിന്തുണയ്ക്കുന്നതായി തന്നെ ജിടെക് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി 2023 ലും 2024 ലും ജിടെക് സംസ്ഥാനത്ത് മാരത്തണുകള്‍ സംഘടിപ്പിച്ചിരുന്നു. വ്യവസായ സ്ഥാപനങ്ങളും അക്കാദമിക സമൂഹവുമായുള്ള സഹകരണത്തിലൂടെ നൈപുണ്യ ശേഷി വികസനവും തൊഴിലവസരവും വര്‍ധിപ്പിക്കാന്‍ സാധിച്ചു.ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കൊഗ്നിസന്‍റ്, ഐബിഎസ് സോഫ്റ്റ് വെയര്‍, ടാറ്റ എല്‍ക്സി, ക്വസ്റ്റ്, അലയന്‍സ്, യുഎസ്ടി, ഇവൈ തുടങ്ങിയ വന്‍കിട കമ്പനികളും ചെറുകിട-ഇടത്തരം ഐടി കമ്പനികളും ജിടെക്കില്‍ അംഗങ്ങളാണ്.

Comments (0)
Add Comment