നൂതന കാർഷിക കോഴ്സുകളും മികച്ച തൊഴിലവസരങ്ങളും എന്ന വിഷയത്തിൽ വെള്ളായണി കാർഷിക കോളേജിൽ വിദ്യാഭ്യാസ സെമിനാർ നടത്തി

തിരുവനന്തപുരം :-കേരള കാർഷിക സർവ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലൂടെ ആരംഭിക്കുന്ന പുതിയ കോഴ്സുകളെ കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകുന്നതിനായി വിദ്യാഭ്യാസ സെമിനാർ നടത്തി. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ സെമിനാർ ഹാളിൽ വെച്ച് നടത്തിയ ചടങ്ങിൽ നൂതന കാർഷിക കോഴ്സുകളെക്കുറിച്ചും അതിലൂടെ നേടുവാൻ കഴിയുന്ന മികച്ച തൊഴിലവസരങ്ങളേക്കുറിച്ചും വിദ്യാഭ്യാസ വിദഗ്ധനായ ഡോ. ടി. പി. സേതുമാധവൻ വിശദീകരിച്ചു. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി അശോക് ഐ.എ.എസ്. വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമേഖലയിൽ ഉന്നത ബിരുദങ്ങൾ നേടുക എന്നത് കേവലം ജോലി നേടുവാനുള്ള സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുക എന്നതല്ല, മറിച്ച്, തെരഞ്ഞെടുത്ത വിഷയങ്ങളിൽ ചോദ്യം ചെയ്യപ്പെടാനാവാത്ത തരത്തിൽ പ്രാവീണ്യം നേടുകയും തനിക്ക് ലഭിച്ച അറിവുകൾ ഗവേഷണ പ്രസിദ്ധീകരണങ്ങൾ വഴി മറ്റുള്ളവരിലേക്ക് എത്തിക്കുകയും കൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. ബി. അശോക് വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. ഇത്തരത്തിൽ പ്രായോഗിക അറിവുകൾ നേടിയെടുക്കുവാനുള്ള ഏറ്റവും ഉത്തമമായ കാലഘട്ടം 15 മുതൽ 25 വയസ്സുവരെ ആണെന്നും ആ സമയം ഉപരി പഠനത്തിനായി ഏറ്റവും ഫലപ്രദമായ വിഷയങ്ങൾ തിരഞ്ഞെടുക്കുവാനുള്ള വൈഭവം ഓരോരുത്തർക്കും ഉണ്ടാവേണ്ടത് ജീവിത വിജയത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സർവ്വകലാശാലയുടെ വെള്ളായണി, കുമരകം, വെള്ളാനിക്കര, തവനൂർ, അമ്പലവയൽ, പടന്നക്കാട് എന്നിവടങ്ങളിലുള്ള ആറ് കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കുന്ന വിവിധ കോഴ്സുകളെക്കുറിച്ച് അതാത് കോഴ്സ് ഡയറക്ടർമാർ വിശദീകരിക്കുകയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.സെമിനാറിൽ കാർഷിക സർവകലാശാല ഫാക്കൽറ്റി ഡീൻ ഡോ. റോയ്സ് സ്റ്റീഫൻ, ദക്ഷിണ മേഖല ഗവേഷണ വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഡോ. അനിത്. കെ എൻ., ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ജേക്കബ് ജോൺ, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. സംഗീത കെ. ജി. എന്നിവർ സംസാരിച്ചു. സെമിനാറിൽ പങ്കെടുത്തവർക്ക് സ്പോട്ട് ആപ്ലിക്കേഷൻ വഴി കോഴ്സുകൾ രജിസ്റ്റർ ചെയ്യുവാനുള്ള അവസരവും ലഭിച്ചു.കാർഷിക സർവകലാശാലയിൽ ആരംഭിക്കുന്ന ഗവേഷണ ബിരുദം, സംയോജിത ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ബിരുദാനന്തര ബിരുദം, പി. ജി. ഡിപ്ലോമ കോഴ്സുകൾ എന്നിങ്ങനെയുള്ള
20 പുതിയ കോഴ്സുകളെക്കുറിച്ച് കൂടുതൽ അറിയുവാനും രജിസ്റ്റർ ചെയ്യുവാനും www.admissions.kau.in എന്ന് വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഈ കോഴ്സുകളിലേയ്ക്ക് അപേക്ഷ അവസാന തീയതി ജൂൺ 30 ആണ്.

Comments (0)
Add Comment