മലയാളത്തിന്റെ ദുഃഖപുത്രി നടി ശാരദയ്ക്ക് ഇന്ന് 80-ാം പിറന്നാൾ

കല്ലടനാരായണപിള്ള

മലയാളത്തിന്റെ ദുഃഖപുത്രിയായി എത്തി പ്രേക്ഷകമനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടി ശാരദ. ഒരുകാലത്ത് മലയാളിച്ചന്തത്തിന്റെ പ്രതീകമായിരുന്നു നടി ശാരദ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിലേക്ക് ആദ്യമായി കൊണ്ടുവന്ന നടി. തെലുങ്കില്‍ നിന്ന് മലയാളത്തിലെത്തി 3 തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹയായ ശാരദ മുന്നൂറ്റി അന്‍പതിലേറെ സിനിമകളില്‍ നായികയായി. ശബാന ആസ്മിക്കൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി ശാരദയെ വിലയിരുത്തപ്പെടുന്നു.

1945 ജൂൺ 12 ന് ആന്ധ്രയിലെ തെനാലിയിൽ വെങ്കടേശ്വർ റാവു,
സത്യവതി ദേവി ദമ്പതികളുടെ മകളായി ജനിച്ചു. യഥാർത്ഥ നാമം സരസ്വതി ദേവി എന്നതാണ്. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി സംഗീതപഠനം ആരംഭിച്ചെങ്കിലും പിന്നീട് അത് തുടർന്നില്ല. ആറാം വയസ് മുതൽ ഡാൻസ് പഠിച്ചു തുടങ്ങി. പിതാവിൻ്റെ ജോലിയുമായി ബന്ധപ്പെട്ട് പലയിടങ്ങളിൽ മാറി താമസിച്ചത് വിദ്യഭ്യാസത്തെ ബാധിച്ചു.

അവർ ഡാൻസ് പഠിച്ച സ്കൂളിലെ കുട്ടികളെ സിനിമയിൽ അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവർ പത്താം വയസിൽ കന്യസുൽക്കത്തിൽ അഭിനയിച്ചു. ഡാൻസ് പ്രകടനത്തിലൂടെ നാടകങ്ങളിൽ അഭിനയിച്ചു. നാടകങ്ങളിലെ അഭിനയം ശ്രദ്ധയാകർഷിച്ചതോടെ സിനിമയിലേക്ക് വിളി വന്നു.

രക്തകണ്ണീർ എന്ന തെലുങ്ക് നാടകത്തിലൂടെ ശ്രദ്ധേയയായ ശാരദയുടെ ആദ്യ സിനിമ കന്യാശുൽക്കം അതോടെ ചലച്ചിത്ര രംഗത്തും അപ്രധാനമല്ലാത്ത വേഷങ്ങൾ ലഭിക്കാൻ തുടങ്ങി. തെലുങ്ക് സിനിമയിലെ കോമഡി റോളുകളാണ് ശാരദയെ ശ്രദ്ധേയയാക്കിയത്. ശാരദയും പിന്നീട് ഭർത്താവായി മാറിയ ചലവുമായി ചേർന്നുള്ള ഹാസ്യ ജോഡി ആദ്യകാല മലയാള ചിത്രങ്ങളിലെ അടൂർ ഭാസി – ശ്രീലത ഹാസ്യജോഡിയെ അനുസ്മരിപ്പിക്കുന്നു.

1959 ൽ തന്റെ പേര് ശാ‍രദ എന്നാക്കി. 1960-70 കാലത്ത് ഷീലയ്ക്കും ജയഭാരതിക്കുമൊപ്പം മലയാളസിനിമയുടെ അവിഭാജ്യഭാഗമായിരുന്നു ശാരദ. നസീറിനും സത്യന്റെയും കൂടെ ‘ഇണപ്രാവുകള്‍’ എന്ന സിനിമയില്‍ അഭിനയ ജീവിതം തുടങ്ങുമ്പോള്‍ 19 വയസ്സായിരുന്നു പ്രായം.

എ. വിൻസെന്റിന്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രമായിരുന്നു ശാരദയുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രം. സമ്പന്നതയുടെ മടിത്തട്ടിൽ വളർന്ന യുവതി പ്രമാണിയായ അച്ഛൻ്റെ ആകസ്മിക നിര്യാണത്തോടെ അശരണയായിത്തീരുന്നു. അതിലും യാദൃച്ഛികമായി ഒരു തൊഴിലാളി നേതാവിൻ്റെ ഭാര്യയായിത്തീരുന്ന അവളെ ദുരന്തം കൈവിടുന്നില്ല. ഫാക്ടറിയുടമയുടെ ഗുണ്ടകളാൽ അയാൾ കൊല്ലപ്പെടുന്നു. പട്ടിണി കിടന്നു വലഞ്ഞ കുട്ടികൾ അമ്മയുടെ കണ്ണുവെട്ടിച്ച് ബസ് സ്റ്റാൻ്റിലും പരിസരത്തും യാത്രക്കാരുടെ മുന്നിൽ ഭിക്ഷ യാചിക്കുന്നു. അഭിമാനിയായ അമ്മ ജീവിതം മുന്നോട്ട് നീക്കുവാനാകാതെ കുട്ടികൾക്ക് അത്താഴത്തിൽ വിഷം കലർത്തി നൽകുന്നു. കോടതി അവളെ വധശിക്ഷക്കു വിധിക്കുന്നു. തനിക്കു മാത്രം സാധ്യമായ അഭിനയ സിദ്ധിയാൽ ശാരദ പ്രേക്ഷകരെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഈ ചിത്രത്തിൻ്റെ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളിലും ശാരദ തന്നെയായിരുന്നു നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ 4 ഭാഷകളിലെയും നായകന്‍ മരിക്കുമ്പോള്‍ ശാരദ അവതരിപ്പിച്ച നായിക അലമുറയിട്ട് കരയുന്നരംഗമുണ്ട്. നായകന്മാര്‍ മാറിയെങ്കില്‍ നായിക ശാരദ തന്നെയായിരുന്നു. ‌അങ്ങനെ നാലുഭാഷകളില്‍ നായകന്റെ മരണത്തിന് കരയേണ്ടിവന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതോടെ സ്വന്തം ഭാഷയായ തെലുങ്കിൽ നിന്നും സംവിധായകരും നിർമ്മാതാക്കളും മലയാളികളുടെ ഈ സൂപ്പർ താരത്തിൻ്റെ ഡേറ്റിനായി കാത്തു നിന്നു.

തുലാഭാരത്തിലെ അഭിനയത്തിന് ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ആദ്യമായി ലഭിച്ചത്. തുടര്‍ന്ന് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടി. 1977ല്‍ തെലുങ്ക് ചിത്രമായ നിമജ്ജന എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്‌കാരം ലഭിച്ചു.

മുറപ്പെണ്ണ്, കാട്ടുതുളസി, ഇണപ്രാവുകൾ എന്നിവ ശാ‍രദയുടെ ശ്രദ്ധേയമായ ആദ്യകാല മലയാളചിത്രങ്ങളാണ്. അതിനു ശേഷം ശാ‍രദ കൂടുതൽ മലയാളചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പെട്ടെന്നു തന്നെ മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ നടിയായി അവർ മാറി. സ്വാഭാവിക അഭിനയം എന്തെന്ന് താൻ പഠിച്ചതും, നടി എന്ന നിലയിൽ അംഗീകാരം നേടിയെടുത്തതും മലയാള സിനിമയിലൂടെ ആണെന്ന് ശാരദ അഭിപ്രായപ്പെടുന്നു. മലയാളികൾ ദു:ഖപുത്രി എന്ന ഇമേജാണ് അവർക്കു ചാർത്തി നൽകിയത്. മലയാളത്തിൽ അവർ അഭിനയിച്ച കഥാപാത്രങ്ങൾ ബഹുഭൂരിപക്ഷവും അത്തരത്തിലുള്ളവയായിരുന്നു.

തിലോത്തമ, പകൽക്കിനാവ്, ഇരുട്ടിൻ്റെ ആത്മാവ്, ഉദ്യോഗസ്ഥ, കസവുതട്ടം, പരീക്ഷ, അഗ്നിപരീക്ഷ, കടൽ, കാർത്തിക, തുലാഭാരം, യക്ഷി, അടിമകൾ, മിടുമിടുക്കി, പുന്നപ്ര വയലാർ, കൂട്ടുകുടുംബം, മൂലധനം, നദി, ത്രിവേണി, മിണ്ടാപ്പെണ്ണ്, കുറ്റവാളി, കാക്കത്തമ്പുരാട്ടി, ക്രോസ് ബെൽറ്റ്, പേൾവ്യൂ, താര, ആഭിജാത്യം, വിലയ്ക്കു വാങ്ങിയ വീണ, തീർത്ഥയാത്ര, ബ്രഹ്മചാരി, ഗന്ധർവ്വ ക്ഷേത്രം, മായ, പ്രൊഫസർ, സ്വയംവരം, ഉദയം, തെക്കൻ കാറ്റ് ഭദ്രദീപം, അമൃതവാഹിനി, ഇതാ ഇവിടെ വരെ, അകലങ്ങളിൽ അഭയം, മണ്ണ്, ഇവർ, റൗഡിരാമു, എലിപ്പത്തായം, പൊൻമുടി, അസ്തമയം, അധികാരം എന്നിങ്ങനെ ഉജ്ജ്വല വേഷങ്ങൾ അവർ ചെയ്ത ചിത്രങ്ങളിലൊന്നും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. പക്ഷേ ഈ ചിത്രങ്ങളിലൂടെ ശാരദ മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ അവർ നെടുമുടി വേണുവിനൊപ്പം ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, സുരേഷ് ഗോപിയോടൊപ്പം കാശ്മീരത്തിലും മമ്മൂട്ടിയോടൊപ്പം രാപ്പകൽ, ദിലീപിനോടൊപ്പം മഴത്തുള്ളികിലുക്കം, ജയറാമിനൊപ്പം നായികയിലും അമ്മക്കൊരു താരാട്ട് (2015) എന്നീ സിനിമകളിലും അഭിനയിച്ചു.

രാഷ്ട്രീയത്തിലും കുറച്ച് കാലം ശാ‍രദ സജീവമായിരുന്നു തെലുഗുദേശം പാർട്ടിയുടെ പ്രതിനിധിയായി സ്വന്തം മണ്ഡലമായ തെനാലിയിൽ നിന്ന് ലോക്സഭയിലേക്കും പിന്നീട് തെനാലിയിൽ നിന്ന് നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടൂണ്ട്. പ്രമുഖ കോൺഗ്രസ് നേതാവും കേന്ദ്ര പെട്രോളിയം മന്ത്രിയുമായിരുന്ന പി.ശിവശങ്കറിനെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുത്തിയത്. പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ലോട്ടസ് ചോക്ളേറ്റ്സ് എന്ന പേരിൽ ഒരു ചോക്കളേറ്റ് ഫാക്ടറിയും നടത്തുന്നുണ്ട്.

Comments (0)
Add Comment