മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ രണ്ട് രൂപ അധിക പാല്‍ വിലയായി നല്കും

തിരുവനന്തപുരം:  മില്‍മ തിരുവനന്തപുരം മേഖല യൂണിയനിലെ അംഗസംഘങ്ങള്‍ക്ക് ലിറ്റര്‍ ഒന്നിന് രണ്ട് രൂപ വീതം അധിക പാല്‍ വില നല്‍കാന്‍ തീരുമാനം. ക്ഷീരകര്‍ഷകര്‍ ഏപ്രില്‍ മാസം യൂണിയന് നല്‍കിയ പാലളവിന്‍റെ അടിസ്ഥാനത്തിലാണ് അധിക പാല്‍ വില നല്കുക.കാലവര്‍ഷക്കെടുതിയില്‍ ക്ഷീരകര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനമെന്ന് ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു.ജൂണിലെ പാല്‍ വിലയോടൊപ്പമായിരിക്കും അധിക പാല്‍ വില നല്കുന്നത്. ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ പരിധിയിലുള്ള അംഗസംഘങ്ങള്‍ക്ക് ലഭിക്കുന്ന ശരാശരി പാല്‍ വില ലിറ്റര്‍ ഒന്നിന് 46.84 രൂപയായി വര്‍ദ്ധിക്കും.2023-24 സാമ്പത്തിക വര്‍ഷം 12 കോടിയോളം രൂപ അധിക പാല്‍ വിലയായി തിരുവനന്തപുരം മേഖല യൂണിയന്‍ നല്കിയിരുന്നു. മഴക്കെടുതിയോടനുബന്ധിച്ച് രണ്ട് രൂപ വീതം അധിക പാല്‍വില നല്‍കുന്നതിന് ഏകദേശം 1.5 കോടിയോളം രൂപ യൂണിയന് അധിക ചെലവ് വരുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
ഇതു കൂടാതെ മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യാധിഷ്ഠിത ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലെ ക്ഷീരകര്‍ഷര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക.
Comments (0)
Add Comment