കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ് ക്യൂബന്‍ അംബാസഡര്‍ ഇന്‍ ചാര്‍ജ് എബല്‍ ഡെഷ്പാനിയെ സന്ദര്‍ശനം നടത്തി

തിരുവനന്തപുരം: നൂതന ടൂറിസം ഉത്പന്നങ്ങളിലൂടെയും പദ്ധതികളിലൂടെയും കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാറുന്ന കാലത്തിന്‍റെ അഭിരുചികള്‍ തിരിച്ചറിഞ്ഞുകൊണ്ട് നടപ്പാക്കുന്ന പദ്ധതികളാണ് കേരളത്തിലേക്ക് ലോകമെമ്പാടു നിന്നുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്യൂബന്‍ അംബാസഡര്‍ ഇന്‍ ചാര്‍ജ് എബല്‍ ഡെഷ്പാനിയെയുടെ കേരള ടൂറിസം അധികൃതരുമായുള്ള കൂടിക്കാഴ്ചാ വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിന്‍റെ ടൂറിസം ആകര്‍ഷണങ്ങള്‍ മന്ത്രി ക്യൂബന്‍ അംബാസഡര്‍ക്ക് പരിചയപ്പെടുത്തി. സമ്പന്നമായ കടല്‍തീരം, ആകര്‍ഷകമായ കായലോരങ്ങള്‍, മലയോര പ്രദേശങ്ങള്‍ എന്നിവയെ കേരളത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കി മാറ്റുന്നുവെന്ന് മന്ത്രി പറഞ്ഞു. എല്ലാ സീസണിനും അനുയോജ്യമായ പ്രദേശമെന്നതാണ് കേരളത്തെ വേറിട്ടു നിര്‍ത്തുന്നത്. സംസ്ഥാനം നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം പദ്ധതിയും അനുഭവവേദ്യ, സുസ്ഥിര കാഴ്ചപ്പാടും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ആയുര്‍വേദ-വെല്‍നസ് ടൂറിസം, കാരവന്‍ കേരള, അഡ്വഞ്ചര്‍ ടൂറിസം എന്നിവയും കേരളത്തിന്‍റെ ആകര്‍ഷണങ്ങളാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളുടെ വരവില്‍ ക്രമാനുഗതമായ വര്‍ധനവാണ് കേരളം രേഖപ്പെടുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരളവുമായുള്ള ടൂറിസം സഹകരണത്തിന് വലിയ പ്രാധാന്യമാണ് ക്യൂബ നല്‍കുന്നതെന്ന് എബല്‍ ഡെഷ്പാനിയെ പറഞ്ഞു. കേരളവും ക്യൂബയുമായുള്ള രാഷ്ട്രീയ- സാംസ്കാരിക വിനിമയത്തിന് ഏറെ ചരിത്ര പ്രാധാന്യമുണ്ട്. ഈ പങ്കാളിത്തം ടൂറിസം അടക്കമുള്ള മേഖലകളിലൂടെ കൂടുതല്‍ വ്യാപിപ്പിക്കണം. കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാറുണ്ട്. പ്രകൃതിഭംഗി, സാംസ്കാരികമായ പ്രത്യേകതകള്‍, കടല്‍വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങളിലെ വൈവിധ്യം എന്നിവയാല്‍ കേരളം ശ്രദ്ധേയമാണ്. കേരളത്തെ പോലെ കടലുമായി ചേര്‍ന്നു കിടക്കുന്ന ഭൂപ്രകൃതി കേന്ദ്രീകരിച്ചാണ് ക്യൂബയിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്യൂബന്‍ ടൂറിസത്തെ കുറിച്ചുള്ള അവതരണവും അദ്ദേഹം നടത്തി.ക്യൂബയുമായുള്ള ടൂറിസം പങ്കാളിത്തം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കേരളം ആഗ്രഹിക്കുന്നുവെന്നും ഏതെല്ലാം മേഖലകളില്‍ സഹകരണത്തിന് സാധ്യതയുണ്ടെന്ന് പരിശോധിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേരള ടൂറിസം സെക്രട്ടറി ബിജു കെ. പറഞ്ഞു.അഗ്രി ടൂറിസം, ഉത്തരവാദിത്ത ടൂറിസം അടക്കമുള്ള ഉത്പന്നങ്ങളിലൂടെ അനുഭവവേദ്യ ടൂറിസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കേരളം മുന്നോട്ടു പോകുന്നതെന്ന് കേരള ടൂറിസത്തിന്‍റെ സവിശേഷതകളെ പരിചയപ്പെടുത്തുന്ന അവതരണം നടത്തിയ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണുരാജ് പി. ചടങ്ങിന് നന്ദി പറഞ്ഞു.
Comments (0)
Add Comment