ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത മധുരങ്ങളിൽ ഒന്നാണ് തേൻ. ഭക്ഷണത്തിലും പാനീയങ്ങളിലും ചേർത്തും തേൻ മാത്രമായും നാം ഉപയോഗിക്കാറുണ്ട്. തേനിന് വളരേയെറെ ഗുണങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തേനുകളിലെ രാജാവായ ‘എൽവിഷ് ഹണി’ യുടെ വില അല്പം കടുപ്പം തന്നെയാണ്.ലോകത്തിലെ ഏറ്റവും വിലറിയ തേൻ എന്നറിയപ്പെടുന്ന ഇതിന് കിലോയ്ക്ക് 9 ലക്ഷം രൂപയാണ്. ഈ തേനിന് ഇത്ര തീപിടിച്ച വിലയാകാൻ കാരണമെന്താണെന്നോ? തുർക്കിയിലെ കരിങ്കടൽ മേഖലയിൽ നിന്നുള്ള ഈ അസാധാരണ തേനിന് പ്രത്യേകമായ സുഗന്ധവും പരിശുദ്ധിയുമാണത്രേ. ഇത് ആഗോളതലത്തിൽ വളരെ പ്രശസ്തവുമാണ്. തേനിന്റെ ഏറ്റവും ശുദ്ധമായ രൂപങ്ങളിൽ ഒന്നാണ് ഇവിടുത്തേത് എന്നാണ് പറയപ്പെടുന്നത്.വർഷത്തിൽ ഒരിക്കൽ മാത്രം വേർതിരിച്ചെടുക്കുന്ന ഈ തേൻ തുർക്കിയിലെ ആർട്വിൻ സിറ്റിയിൽ 1800 മീറ്റർ താഴ്ചയുള്ള ഒരു ഗുഹയിലാണ് ഉണ്ടാകുന്നത്. മാത്രമല്ല ഇവിടെ നിന്നുള്ള തേൻ ശേഖരണം അത്യന്തം സാഹസികത നിറഞ്ഞ ജോലിയാണ്.അടുത്തിലെ ‘എൽവിഷ് ഹണി’ ശേഖരിക്കുന്ന ഒരു വിഡിയോ എക്സ് പ്ലാറ്റ്ഫോമിൽ വൈറലായിരുന്നു. ‘ചില ഇനത്തിലുള്ള തേനിന് എന്താണ് ഇത്രയധികം വിലയുള്ളതെന്ന് നിങ്ങൾക്ക് ഇപ്പോൾ കാണാം.” എന്നാണ് ഈ വിഡിയോയുടെ അടിക്കുറിപ്പ് തന്നെ.ഗുഹയിലെ ഭീമൻ തേനീച്ചക്കൂടിന് മുന്നിൽ വലിയ വടംകെട്ടി അതിൽ തൂങ്ങി നിന്ന് ഒരു മനുഷ്യൻ തേൻ ശേഖരിക്കുന്നത് വിഡിയോയിൽ കാണാം. തേനീച്ചക്കൂട്ടം അയാളെ ആകമാനം പൊതിയുന്നുണ്ടെങ്കിലും അയാൾ വിജയകരമായി തേൻ എടുക്കുകയും ടീമിന് കൈമാറുകയും ചെയ്യുന്നു.തേനീച്ചയുടെ കുത്തേൽക്കാതിരിക്കാനുള്ള സുരക്ഷാ മാർഗങ്ങളൊക്കെയുണ്ടെങ്കിലും ഈ കാഴ്ച ഏറെ ആശ്ചര്യം തന്നെയാണ്. തേൻ ശേഖരിക്കുന്ന ഈ വിഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായതും.നഗരത്തിന്റെ തിരക്കുകളിൽ നിന്ന് വളരെ അകലെയുള്ള ഈ ഗുഹയ്ക്കുള്ളിൽ ഇത് തയ്യാറാകുന്ന ശുദ്ധമായ ഈ തേനിന് ആവശ്യക്കാരുമേറെയാണ് ‘എൽവിഷ് ഹണി’ ഉത്പാദിപ്പിക്കുന്ന കമ്പനി, ഈ തേനിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്, ടർക്കിഷ് ഫുഡ് ഇൻസ്റ്റിറ്റ്യൂട്ട് തേൻ വിപണിയിൽ എത്തുന്നതിനുമുമ്പ് അതിന്റെ ഗുണനിലവാരം വിലയിരുത്തുന്നു, വിൽപ്പനയ്ക്ക് മുമ്പ് അത് കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.