ഷൊർണൂർ – കണ്ണൂർ പാസഞ്ചർ ഡിസംബർ 31 വരെ നീട്ടിയത് കോൺഫെഡറേഷൻ സ്വാഗതം ചെയ്തു
കോഴിക്കോട് : കേരള സർക്കാർ, ജനപ്രതിനിധികൾ, യാത്രാ സംഘടനകൾ, മറുനാടൻ മലയാളികൾ, വ്യാപാര വ്യവസായ സമൂഹം, മറ്റു ബന്ധപ്പെട്ടവർ യോജിച്ചു പ്രവർത്തിച്ചാൽ കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ തീവണ്ടി യാത്ര ദുരിതം പരിഹരിക്കാൻ കഴിയുമെന്ന് ഡോക്ടർ എ വി അനൂപ് അഭിപ്രായപ്പെട്ടു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള റീജിയന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗോകുലം പാർക്കിൽ ചേർന്ന തീവണ്ടി ” യാത്രക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും” എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, കേരള മുഖ്യമന്ത്രി, റെയിൽവേ ചുമതയുള്ള മന്ത്രി വി അബ്ദുറഹ്മാൻ മറ്റു ബന്ധപ്പെട്ടവർക്കും നിവേദനം സമർപ്പിച്ചിരുന്നു. നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അനുകൂല മറുപടികളും, ചില ആശ്വാസ നടപടികളും തുടങ്ങിയിരിക്കുന്നതെന്ന് വിഷയം അവതരിപ്പിച്ച് വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി. ഇ. ചാക്കുണ്ണി സെമിനാറിൽ അറിയിച്ചു.
സെമിനാറിൽ നിരവധി പേർ മുൻകാലങ്ങളിൽ ഒന്നുമില്ലാത്ത യാത്രാദുരിതം ആണ് ഇപ്പോൾ നടക്കുന്നതെന്ന് വിവരിച്ചു.
റെയിൽവേയുടെ സ്പെഷ്യൽ ക്യാമ്പയിൻ “ചൗപാൽ ” പരാതി കേൾക്കൽ യോഗത്തിൽ അസോസിയേഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചയിൽ നാലു ദിവസമുള്ള ഷോർണൂർ – കണ്ണൂർ പാസഞ്ചർ സ്പെഷ്യൽ തുടരാൻ തീരുമാനമായതായും അദ്ദേഹം അറിയിച്ചു. തീവണ്ടി യാത്രക്കാർ പൊതുവേയും പാലക്കാട് ഡിവിഷൻ പരിധിയിലെ രൂക്ഷമായ തീവണ്ടി യാത്ര ദുരിതം പരിഹരിക്കുന്നതിന് യാത്രക്കാരുടെ ആവശ്യങ്ങളും, പ്രായോഗിക നിർദ്ദേശങ്ങളും ഏകോപിച്ച് തയ്യാറാക്കിയ നിവേദനം ബന്ധപ്പെട്ടവർക്ക് ദില്ലിയിൽ ലെയ്സൺ ഓഫീസർ മുഖാന്തിരം സമർപ്പിക്കുമെന്ന് യോഗത്തിൽ മോഡറേറ്ററായ പ്രൊഫസർ ഫിലിപ്പ് കെ ആന്റണി അറിയിച്ചു. 2019 ൽ റദ്ദാക്കിയ രാവിലത്തെ കോഴിക്കോട്- ഷോർണൂർ, കോഴിക്കോട്- കണ്ണൂർ, വൈകുന്നേരത്തെ കോഴിക്കോട് – ഷോർണൂർ, കണ്ണൂർ- കോഴിക്കോട് എന്നീ പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കുക,
20632/33 തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരത് കോച്ചുകൾ , തിരക്കുള്ള വണ്ടികളിൽ ജനറൽ / റിസർവേഷൻ കോച്ചുകൾ വർദ്ധിപ്പിക്കുക. ബാംഗ്ലൂർ – കണ്ണൂർ (വഴി മംഗലാപുരം) തീവണ്ടി കോഴിക്കോട്ടേക്കും, ചെന്നൈ- ബാംഗ്ലൂർ- കോയമ്പത്തൂർ ഡബിൾ ഡെക്കർ പാലക്കാട്ടേക്കും നീട്ടുക തുടങ്ങിയ ആവശ്യങ്ങളും സെമിനാറിൽ പങ്കെടുത്തവർ ഉന്നയിച്ചു. കോയമ്പത്തൂരും മംഗലാപുരത്തും യാത്ര അവസാനിച്ച് മണിക്കൂറുകളോളം സ്റ്റേഷനിൽ കിടക്കുന്ന ട്രെയിനുകൾ മലബാറിലേക്ക് നീട്ടുക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തീവണ്ടി യാത്രക്കാരുടെയും റണ്ണിംഗ് സ്റ്റാഫിന്റെയും സുരക്ഷ ഉറപ്പുവരുത്തുക കൂടുതൽ ട്രെയിനുകൾ ഓടിക്കുന്നതിനും വന്ദേ ഭാരത് മൂലം സാധാരണ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാക്കാൻ ഓട്ടോമാറ്റിക് സിഗ്നൽ സമ്പ്രദായം ഏർപ്പെടുത്തുക ഉൾപ്പെടെയുള്ള ആവശ്യങ്ങളും സെമിനാറിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
കേരള കൺവീനർമാരായ എ ശിവ ശങ്കരൻ, പി ഐ അജയൻ, അഡ്വ. എം.കെ. അയ്യപ്പൻ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് മുരളി ബേപ്പൂർ, രാകേഷ് എം വി, ശങ്കർ ബാബു, സൺഷൈൻ ഷോർണൂർ, കുന്നോത്ത് അബൂബക്കർ,എസി ഗീവർ, റിയാസ് എൻ, ജിയോ ജോബ് എറണാകുളം, സതീഷ് ശങ്കർ പാലക്കാട്, ജോസി വി ചുങ്കത്ത് , പി.ഗംഗാധരൻ എന്നിവർ പങ്കെടുത്തു. മൻസൂർ സി കെ സ്വാഗതവും, സി സി മനോജ് നന്ദി പറഞ്ഞു.
ഷെവലിയാർ
സി.ഇ ചാക്കുണ്ണി
984741200
പി ഐ അജയൻ ,
എ ശിവശങ്കരൻ.
25.10.2024.
ഫോട്ടോ അടിക്കുറിപ്പ്. തീവണ്ടി യാത്രികരുടെ “പ്രശ്നങ്ങളും പരിഹാരങ്ങളും” എന്ന സെമിനാർ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ വി അനൂപ് ഉദ്ഘാടനം ചെയ്യുന്നു.
കേരള റീജിയൻ ചെയർമാൻ ഷെവ. സി. ഇ. ചാക്കുണ്ണി, കൺവീനർ പി. ഐ. അജയൻ, പ്രൊഫസർ ഫിലിപ് കെ ആന്റണി, അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, മുരളി ബേപ്പൂർ, രാകേഷ് എം വി, എന്നിവർ സമീപം