മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആടു വസന്ത രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പിന്റെ ഒന്നാം ഘട്ട പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം കുടപ്പനക്കുന്ന് കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ വച്ച് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെ വൈറസ് രോഗബാധയായ ആടു വസന്ത രോഗത്തെ എന്നന്നേക്കുമായി കേരളത്തിൽ നിന്നും തുടച്ചുമാറ്റാനാകുമെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി, പന്നിപ്പനി, ചർമ്മമുഴ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
വട്ടിയൂർക്കാവ് എം എൽ എ അഡ്വ. വി കെ പ്രശാന്തിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ മൃസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ഡോ.സിന്ധു.കെ,ഡോ.ജിജിമോൻ ജോസഫ്, ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്റ്റ് കോർഡിനേറ്റർ ഡോ.അനിത പി വി, തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ശ്രീകുമാർ പി എസ്.,ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ ഡോ.കെ സി പ്രസാദ് എന്നിവർ സംസാരിച്ചു.
നവംബർ 5 വരെ നടക്കുന്ന യജ്ഞത്തിലൂടെ 4 മാസത്തിനു മുകളിൽ പ്രായമുള്ള പതിമൂന്നര ലക്ഷത്തോളം വരുന്ന ആടുകള്‍ക്കും, 1500 ഓളം വരുന്ന ചെമ്മരിയാടുകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നൽകാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ കർഷകരുടെ വീടുകളിൽ എത്തി തികച്ചും സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും കുത്തിവയ്പ്പിന്റെ വിവരങ്ങള്‍ ദേശീയതലത്തിലുളള “ഭാരത് പശുധന്‍” പോർട്ടലിൽ റിപ്പോര്‍ട്ട് ചെയ്യുന്നതുമായിരിക്കും. ഇതിനായി സംസ്ഥാനമൊട്ടാകെ 1819 സ്ക്വാഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.
കന്നുകാലികളിലെ അതിമാരകമായിരുന്ന കാലിവസന്ത എന്ന രോഗം 2006 ഓടെ രാജ്യത്തു നിന്നും തുടച്ച് നീക്കിയതുപോലെ ആടുകളിലെ ആടുവസന്ത രോഗവും 2030 ഓടു കൂടി നിർമ്മാർജ്ജനം ചെയ്യുവാനാണ് ഈ പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.