ശാസ്ത്ര ഗവേഷണങ്ങളുടെ ഫലം സമൂഹത്തിന് ഗുണകരമാകണം: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് കേരളം രാജ്യത്തിന്‍റെ ശാസ്ത്ര തലസ്ഥാനമാകുമെന്നും മന്ത്രി

തിരുവനന്തപുരം:സമൂഹത്തിലെ എല്ലാവിഭാഗക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ശാസ്ത്ര സ്ഥാപനങ്ങളിലെ ഗവേഷണങ്ങളുടെ മൂല്യം ഉയര്‍ത്താനുള്ള സമയമാണിതെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ബ്രിക്-ആര്‍ജിസിബി കാമ്പസില്‍ നടന്ന ‘എസ് സി/എസ് ടി ഫാര്‍മേഴ്സ് ആന്‍ഡ് ആര്‍ട്ടിസാന്‍സ് മീറ്റി’ ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സില്‍- രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി), സ്വദേശി സയന്‍സ് മൂവ്മെന്‍റ്-കേരള (എസ്എസ്എം-കെ) പദ്ധതികളുടെ ഗുണഭോക്താക്കളായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരെയാണ് മന്ത്രി അഭിസംബോധന ചെയ്തത്.


ശാസ്ത്ര സാങ്കേതിക ഇന്നൊവേഷന്‍ പരിപാടിയുടെ കീഴില്‍ ബ്രിക്-ആര്‍ജിസിബി, എസ്എസ്എം-കെ, വിജ്ഞാന ഭാരതി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ബ്രിക്-ആര്‍ജിസിബി ഡയറക്ടര്‍ ഡോ.ചന്ദ്രഭാസ് നാരായണ അധ്യക്ഷത വഹിച്ചു.
ആര്‍ജിസിബി ട്രൈബല്‍ ഹെറിറ്റേജ് പ്രോജക്റ്റിന്‍റെ ഭാഗമായുള്ള ആറ് കമ്മ്യൂണിറ്റി എന്‍ര്‍പ്രൈസസ് യൂണിറ്റുകളുടെ ഉദ്ഘാടനവും ഡോ. ജിതേന്ദ്ര സിങ് നിര്‍വഹിച്ചു. വയനാട്ടിലെ വിയാന എസ് ടി ഗോത്ര വനിതാ സ്വാശ്രയ സംഘം, തിരുവനന്തപുരത്തെ അഗസ്ത്യ അച്ചാര്‍ യൂണിറ്റ്, ഗോത്ര വനവാസി സംഘം, ഇടുക്കിയിലെ ആവണി ഗോത്ര വര്‍ഗ സ്വാശ്രയ സൊസൈറ്റി, കുളത്തൂപ്പുഴയിലെ ഭാസ്കര റാവു പുരുഷ എസ്എച്ച്ജി ആദിവാസി സ്വയം സഹായ സംഘം, ഇടുക്കിയിലെ നന്മ എസ്.ടി കുടുംബശ്രീ ഔഷധസസ്യ സംസ്കരണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.


‘ദി ടേസ്റ്റ് ഓഫ് ദി വൈല്‍ഡ്- എത്നിക് ഫുഡ് ആന്‍ഡ് വൈല്‍ഡ് എഡിബിള്‍സ് ആന്‍ ഇന്‍വെന്‍ററി’, ‘റിവൈറ്റലൈസിംഗ് ട്രൈബല്‍ ട്രഡീഷന്‍സ്: ഇനിഷിയേറ്റിവ്സ് ഫോര്‍ സസ്റ്റൈനബിള്‍ വികസിത് ഭാരത്’ എന്നീ പുസ്തകങ്ങളും ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. മികച്ച കര്‍ഷകര്‍ക്കുള്ള പ്രശസ്തിപത്രവും അദ്ദേഹം വിതരണം ചെയ്തു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ശാസ്ത്ര സാങ്കേതിക വകുപ്പിന് വലിയ പ്രാധാന്യം ലഭിച്ചെന്നും മന്ത്രി പറഞ്ഞു. ബയോടെക്നോളജി മേഖലയ്ക്ക് മുന്‍ഗണനയും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ നവീകരണവും കൊണ്ടുവന്നു. പുതിയ ബയോ ഇ 3 നയം നടപ്പാക്കുന്നതിലൂടെ ഇന്ത്യ അടുത്ത വ്യാവസായിക വിപ്ലവത്തിന് തയ്യാറെടുക്കുകയാണ്.

രാജ്യത്ത് 2014-ല്‍ 50 സ്റ്റാര്‍ട്ടപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ അതിപ്പോള്‍ ഏകദേശം 9000 ത്തിലേക്കെത്തി. ശാസ്ത്രീയ സ്ഥാപനങ്ങളുടെ പിന്തുണയോടെയുള്ള സുഗന്ധവിള കൃഷി, പുഷ്പകൃഷി, ഔഷധ സസ്യകൃഷി തുടങ്ങിയവയിലൂടെ ഇന്ത്യയിലെ അഗ്രി-സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതകള്‍ തുറന്നു കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
10 ബില്യണ്‍ യുഎസ് ഡോളറായിരുന്ന ഇന്ത്യയുടെ ബയോ ഇക്കോണമി ഇന്ന് ഏകദേശം 130 ബില്യണ്‍ യുഎസ് ഡോളറാണ്. ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങളെ വ്യാവസായിക സ്റ്റാര്‍ട്ടപ്പുകളുമായി സംയോജിപ്പിക്കുന്നതിലൂടെ ഇത്തരം സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഉറപ്പു വരുത്താനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ടൂറിസം മേഖലയ്ക്ക് വലിയ സാധ്യതകളുള്ള കേരളത്തില്‍ ശാസ്ത്രജ്ഞരുടെ പ്രിയപ്പെട്ട സ്ഥലമായി തിരുവനന്തപുരം മാറിയിരിക്കുന്നു. ശാസ്ത്ര ഗവേഷണത്തിന്‍റെയും നവീകരണത്തിന്‍റെയും പൈതൃകവും ലഭ്യമായ വിഭവങ്ങളും കാരണം ധാരാളം ശാസ്ത്രഗവേഷണ സാധ്യതകള്‍ ഇവിടുണ്ട്. തിരുവനന്തപുരത്തെ ഇന്ത്യയുടെ ശാസ്ത്ര തലസ്ഥാനം എന്നു വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആശയങ്ങളിലൊന്നാണ് എസ്ടി ഹബ്ബുകള്‍. എസ്ടി ഹബ്ബുകളുടെ പൈലറ്റ് പദ്ധതി കേരളത്തില്‍ വിജയകരമായി നടപ്പിലാക്കാനായത് അഭിമാനകരമാണ്. അത്തരം യൂണിറ്റുകളില്‍ നിന്നുള്ള വംശീയ വിജ്ഞാന ഉത്പന്നങ്ങളെ ഉപജീവന മാര്‍ഗമായി ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. കേരളത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ ഇത്തരം ഉത്പന്നങ്ങളുടെ വ്യാവസായിക വിപണനത്തിനായി കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്‍റെ ഗോത്ര പാരമ്പര്യവും വംശീയ വിജ്ഞാനവും സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ സയന്‍സ് ഹെറിറ്റേജ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്‍റെ (എസ്എച്ച്ആര്‍ഐ) ഭാഗമായാണ് ട്രൈബല്‍ ഹെറിറ്റേജ് പ്രോജക്ട് നടപ്പിലാക്കുന്നതെന്ന് ബ്രിക്-ആര്‍ജിസിബി ഡയറക്ടര്‍ ഡോ.ചന്ദ്രഭാസ് നാരായണ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം പരിശീലന പരിപാടികളും ആര്‍ജിസിബി സംഘടിപ്പിക്കാറുണ്ട്.പദ്ധതിയുടെ ഭാഗമായി യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു. ആദിവാസി സമൂഹങ്ങളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനായി മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണവും പ്രോത്സാഹിപ്പിക്കുന്നു. ഏകദേശം 26 ഇനം കുരുമുളകുകള്‍ ആര്‍ജിസിബി സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. 42 ഇനം നെല്ലുകള്‍ ഇപ്പോള്‍ കൃഷിചെയ്യുന്നു. അതിലെ വൈവിധ്യവും ഗുണങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം പ്രചരണനത്തിനായി ഒരു റൈസ് മ്യൂസിയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍, വിഎസ്എസ് സി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍, ബ്രിക്-ആര്‍ജിസിബി അക്കാഡമിക്സ് ഡീന്‍ ഡോ. പ്രിയ ശ്രീനിവാസ്, വിഭ സെക്രട്ടറി ജനറല്‍ വിവേകാനന്ദ പൈ, വിഭ സെക്രട്ടറി പ്രവീണ്‍ രാംദാസ്, എസ്എസ്എംകെ സെക്രട്ടറി രാജീവ് സി. നായര്‍, എസ്എസ്എംകെ പ്രസിഡന്‍റ് ഡോ. കെ. മുരളീധരന്‍, ബിജെപി നേതാക്കളായ വി.മുരളീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.ബ്രിക്-ആര്‍ജിസിബിയുടെ ട്രൈബല്‍ ഹെറിറ്റേജ് പരിപാടിയുടെ 100 ഗുണഭോക്താക്കളുടെയും എസ്എസ്എം-കെയുടെ എസ് സി ഹബ് പ്രോജക്റ്റിലെ 200 പട്ടികജാതി കരകൗശല വിദഗ്ധരുടെയും സംഗമവും ഇതിന്‍റെ ഭാഗമായി നടന്നു. വയനാട്, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള കര്‍ഷകരും കരകൗശല വിദഗ്ധരും ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത അറിവുകള്‍ രേഖപ്പെടുത്തുന്നതിനും അവരുടെ ഉപജീവനമാര്‍ഗം ശാക്തീകരിക്കുന്നതിനുമായി ഈ രണ്ട് പദ്ധതികള്‍ക്കും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് ധനസഹായം നല്‍കുന്നത്.

Comments (0)
Add Comment