ആഗോള പ്രതിസന്ധികള്‍ നേരിടുന്നതിന് ഇന്ത്യ-ജര്‍മ്മന്‍ പങ്കാളിത്തം നിര്‍ണായകം: ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍

തിരുവനന്തപുരം: പ്രതിസന്ധികള്‍ നിറഞ്ഞ ലോകത്ത് മാനവിക മൂല്യങ്ങള്‍ സംരക്ഷിക്കുന്ന ജനാധിപത്യത്തിന് നിര്‍ണായക പങ്കുള്ളതിനാല്‍ ഇന്ത്യയുമായുള്ള സഹകരണത്തെ ജര്‍മ്മനി അത്യന്തം വിലമതിക്കുന്നതായി ജര്‍മ്മനിയുടെ കോണ്‍സല്‍ ജനറല്‍ അഹിം ബുര്‍കാര്‍ട്ട് പറഞ്ഞു.ബെര്‍ലിന്‍ മതിലിന്‍റെ വീഴ്ചയുടെ 35-ാം വാര്‍ഷികവും ജര്‍മ്മനിയുടെ ഏകതാ ദിനവും പ്രമാണിച്ച് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗൊയ്ഥെ-സെന്‍ട്രം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജര്‍മ്മന്‍ ഓണററി കോണ്‍സല്‍ ഡോ. സയ്യിദ് ഇബ്രാഹിം, ഗൊയ്ഥെ-സെന്‍ട്രം (തിരുവനന്തപുരം, കൊച്ചി) ചെയര്‍മാന്‍ ജി. വിജയരാഘവന്‍, നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കൊളശ്ശേരി എന്നിവരും സന്നിഹിതരായിരുന്നു.

മനുഷ്യന്‍റെ അന്തസ് ലംഘിക്കാന്‍ കഴിയാത്തതാണെന്ന് ജര്‍മ്മന്‍ ഭരണഘടന അടിവരയിട്ട് പ്രഖ്യാപിക്കുന്നതായി ചൂണ്ടിക്കാട്ടിയ കോണ്‍സല്‍ ജനറല്‍, പ്രതിസന്ധികള്‍ നിറഞ്ഞ ഒരു ലോകത്ത് ജീവിക്കേണ്ടി വരുമ്പോള്‍ ആ പ്രഖ്യാപനത്തിന് പ്രസക്തിയേറുന്നതായി പറഞ്ഞു.ആഗോളതലത്തില്‍ ഇന്ത്യ വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ കാര്യങ്ങളിലും രാജ്യങ്ങള്‍ക്ക് പരസ്പരം യോജിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൂല്യവത്തായ സഹകരണം സാധ്യമാണ്. അത് ഭാവിയില്‍ ഗണ്യമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ ജന്ത്യയ്ക്കും ജര്‍മ്മനിക്കും വളരെയധികം നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

മാനവികതയ്ക്ക് എതിരായ വെല്ലുവിളികള്‍ ഭയാനകമാണെങ്കിലും ഇന്ത്യയും ജര്‍മ്മനിയും പോലുള്ള ജനാധിപത്യ രാജ്യങ്ങള്‍ക്ക് അവരുടെ ശേഷി ഉപയോഗിച്ച് മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്നതിനാല്‍ പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ മക്കള്‍ക്ക് സുരക്ഷിതമായി സ്വാതന്ത്യത്തോടെ അന്തസ്സായി ജീവിക്കണം എന്ന ഒറ്റക്കാര്യമാണ് ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. സ്വേച്ഛാധിപതികള്‍ക്ക് ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യം മുതല്‍ ജര്‍മ്മനിയുടെ ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങളും നവംബര്‍ 9 ന് ബന്ധപ്പെട്ട് നടന്നതിനാല്‍ വിധിയുടെ ദിനം എന്നാണ് ആ ദിവസം അറിയപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1848, 1918, 1923, 1938, 1989 വര്‍ഷങ്ങളിലെല്ലാം അന്നേ ദിനം അത്യന്തം സങ്കീര്‍ണ്ണത നിറഞ്ഞതായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉക്രെയ്നിലെയും പശ്ചിമേഷ്യയിലെയും യുദ്ധങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ തുടങ്ങി ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിക്കുന്ന അവതരണം നടത്തിയ അദ്ദേഹം ജര്‍മ്മനിയുടെ പുനരേകീകരണത്തിന് 34 വര്‍ഷങ്ങള്‍ക്കിപ്പുറവും തങ്ങള്‍ ജര്‍മ്മനിയിലും ലോകമെമ്പാടും അനേകം പ്രതിസന്ധികള്‍ നേരിടുന്നതായി വെളിപ്പെടുത്തി.
ജനാധിപത്യത്തേക്കാള്‍ ഇന്ന് ലോകത്ത് ഏകാധിപത്യമാണുള്ളത്. കാലാവസ്ഥാ വ്യതിയാനം നിമിത്തം ലോകമെമ്പാടുമുളള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ വീടുകള്‍ ഉപേക്ഷിക്കേണ്ടി വരുന്നു. സഹേല്‍ മുതല്‍ മിഡില്‍ ഈസ്റ്റ് വരെയുള്ള തീവ്രവാദ സംഘങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയും ലോകസമാധാനത്തിന് വിലങ്ങുതടിയാണെന്നും കോണ്‍സല്‍ ജനറല്‍ അഭിപ്രായപ്പെട്ടു.
ജര്‍മ്മനിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഭരണഘടന, അന്താരാഷ്ട്ര നിയമത്തിലും ബഹുരാഷ്ട്രസഹകരണത്തിലുമുള്ള വിശ്വാസം, ഇന്ത്യയെ പോലുള്ള രാജ്യങ്ങളുമായി മികച്ച ബന്ധം തുടങ്ങിയവ സംരക്ഷിച്ച് പോകുകയാണ് മുന്നിലുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മൂല്യങ്ങളും താത്പര്യങ്ങളും നാം സംരക്ഷിക്കണം, ഒരു സാഹചര്യത്തിലും അതില്‍ നിന്ന് പിന്മാറരുത്. ആത്മവിശ്വാസത്തോടും പരസ്പര സഹകരണത്തോടും കൂടി നമ്മള്‍ പ്രവര്‍ത്തിക്കണം. ഒറ്റയ്ക്ക് സമാധാനം സൃഷ്ടിക്കാന്‍ കഴിയില്ലെന്നും അതിന് പങ്കാളികളെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും കേരളത്തില്‍ ജര്‍മ്മന്‍ ഭാഷയുടെ പഠനത്തിനും മികച്ച പരിശീലനത്തിലൂടെ കേരളീയര്‍ക്ക് ജര്‍മ്മനിയിലേക്ക് കുടിയേറുന്നതിനും ഡോ. സയ്യിദ് ഇബ്രാഹിമിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
തുടര്‍ന്ന് അല്‍മാറ്റോയുടെ സംഗീതവിരുന്നും നടന്നു.
Comments (0)
Add Comment