പഴമയുടെയും പുതുമയുടെയും സംഗമ കേന്ദ്രമായി അമൃത ഹെറിറ്റേജ് തുറന്നു പുതുക്കിയ പൈതൃക ഹോട്ടല്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: 1970 കളില്‍ തിരുവനന്തപുരത്തിന്‍റെ പ്രൗഢിയുടെ അടയാളങ്ങളിലൊന്നായിരുന്ന അമൃത ഹോട്ടല്‍ ഇനി അമൃത ഹെറിറ്റേജ് എന്ന പുതുമോടിയില്‍ നഗരഹൃദയത്തില്‍ നിലകൊള്ളും. ഗൃഹാതുരത നിലനിര്‍ത്തിയും പുതിയ കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അത്യാധുനിക സൗകര്യങ്ങളോടെയുമാണ് നവീകരിച്ച അമൃത ഹെറിറ്റേജ് തുറന്നത്.കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി നവീകരിച്ച ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ പ്രകാശ് എംപി, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, ആന്‍റണി രാജു, വി ജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


അമൃതയുടെ പാരമ്പര്യവും പ്രൗഢിയും ഉള്‍ക്കൊണ്ട പഴയകാല അന്തേവാസികളായ സിനിമാ, രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരുടെയും ഒത്തുചേരലിനു കൂടി ഉദ്ഘാടന ചടങ്ങ് സാക്ഷ്യംവഹിച്ചു. പഴയകാലത്തെ രുചിയുമായി കോഹിനൂര്‍ റസ്റ്റോറന്‍റും അമൃതയില്‍ തുറന്നിട്ടുണ്ട്. പോര്‍ച്ചുഗീസ്, തിരുവിതാംകൂര്‍ പൈതൃകം പേറുന്ന 120 വര്‍ഷം പഴക്കമുള്ള മന്ദിരമാണ് തൈക്കാട് മേട്ടുക്കടയില്‍ സ്ഥിതിചെയ്യുന്ന അമൃത ഹോട്ടലിന്‍റേത്.അമൃത ഹോട്ടലിന്‍റെ പുനരുജ്ജീവനം സിനിമാക്കാര്‍ ഉള്‍പ്പെടെ വലിയൊരു സമൂഹത്തിന്‍റെ ആവശ്യവും അവകാശവുമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമാ പ്രവര്‍ത്തകര്‍ക്കാകെ നിരവധി ആര്‍ദ്രമായ മുഹൂര്‍ത്തങ്ങളാണ് അമൃത ഹോട്ടല്‍ സമ്മാനിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ സുരേഷ് ഗോപി അദ്ദേഹത്തിന്‍റെ ഓര്‍മ്മകളും പങ്കുവച്ചു. 1986 ല്‍ അമൃത ഹോട്ടലില്‍ എവര്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്‍റെ സായംസന്ധ്യ എന്ന സിനിമയ്ക്കായിട്ടാണ് അമൃത ഹോട്ടലില്‍ ആദ്യം താമസിച്ചത്. അമൃതയില്‍ പ്രേംനസീര്‍ താമസിച്ചിരുന്നതിന്‍റെ തൊട്ടടുത്ത മുറിയായിരുന്നു അത്. പിന്നീട് ശംഖനാദം എന്ന സിനിമയുടെ ഷൂട്ടിംഗിനായി വന്നപ്പോളാണ് പ്രേംനസീറിന്‍റെ മുറിയില്‍ താമസിക്കാന്‍ സാധിച്ചത്. അത് വലിയൊരു അനുഭവമായിരുന്നു. സിനിമയില്‍ അവസരം തേടി സംവിധായകരെയും നിര്‍മ്മാതാക്കളെയും കാണുന്നതിനായി നിരവധി തവണ അമൃതയുടെ ലോബിയില്‍ കാത്തു നിന്നതും അദ്ദേഹം സ്മരിച്ചു.

മധു, സുകുമാരന്‍, രതീഷ്, സുരേഷ് കുമാര്‍ തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ക്ക് അമൃത ഹോട്ടലുമായി ഊഷ്മളമായ ഓര്‍മകളും സുരേഷ് ഗോപി സൂചിപ്പിച്ചു. അമൃത ഹെറിറ്റേജില്‍ താമസിക്കാനും ആഹാരം കഴിക്കാനുമായി എത്തുന്നവര്‍ക്ക് ഗൃഹാതുരമായ ഈ അനുഭവങ്ങള്‍ വിലപ്പെട്ടതായി മാറുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.ഒരുപാട് നാളത്തെ സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്ന് അമൃത മാനേജിങ് ഡയറക്ടര്‍ കൃഷ്ണപ്രസാദ് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. അമൃത ഹോട്ടലിന്‍റെ പാരമ്പര്യവും പ്രൗഢിയും മൂല്യങ്ങളും നിലനിര്‍ത്തി മുന്നോട്ട് പോകുകയെന്നതാണ് ലക്ഷ്യം. എല്ലാ സന്ദര്‍ശകര്‍ക്കും ഗുണപരമായ സേവനവും സൗകര്യവും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1900 കാലത്തെ എസ്സെന്‍ഡന്‍ ബംഗ്ലാവ് ആണ് ഹോട്ടലിലെ പൈതൃകമന്ദിരം. ഇത് അമൃത ഹെറിറ്റേജ് എന്ന പേരില്‍ അഞ്ചു മുറികളുള്ള അതിഥിമന്ദിരമായി മാറും. സന്ദര്‍ശകര്‍ക്ക് കാലത്തിന്‍റെ ഗൃഹാതുര സ്മരണകളുടെ യാത്രയാണ് അമൃത മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്. വിസ്തൃതമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഹോട്ടല്‍ തണല്‍മരങ്ങളും പൂന്തോട്ടവും നിറഞ്ഞ അന്തരീക്ഷത്തിലുള്ളതാണ്. അകത്തളങ്ങളില്‍ കലയുടെ സചിത്രവര്‍ണങ്ങളും പ്രകടമാകും.അമൃത ഹെറിറ്റേജില്‍ സെന്‍ട്രല്‍ ഹാളിന് സമീപത്ത് മുറികളും പ്രത്യേക വരാന്തകളുള്ള കിടപ്പുമുറികളുമുണ്ട്. ഡൈനിങ് എര്യയയും വിശാലമാണ്. പഴമയും പുതുമയും ചേര്‍ന്ന കുശിനിയില്‍ പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയമുള്ള സംഘമാണ് അടുക്കളയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച പ്രസിദ്ധനായ തായ് ഫുഡ് കണ്‍സള്‍റ്റന്‍റ് പിനാഗ്ജായുടെ പരിശീലനം നേടിയ ജീവനക്കാരാണ് ഓറിയന്‍റല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നത്. പുല്‍ത്തകിടിയിലിരുന്ന് ആഹാരം കഴിക്കാമെന്ന സൗകര്യവും അമൃത ഹെറിറ്റേജ് തിരിച്ചു കൊണ്ടുവരുന്നു. ബാങ്ക്വറ്റിന് പറ്റിയ പ്രശാന്തമായ അന്തരീക്ഷവും ഹോട്ടലിനുണ്ട്.

Comments (0)
Add Comment