മുനമ്പം വഖഫ് ഭൂമി തർക്കം പരിഹരിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിശ്ചയിക്കണം: മെക്ക

മുനമ്പം-ചെറായി വഖഫ് ഭൂമിയുടെ മേൽ തദ്ദേശ വാസികളായ സ്ഥിര താമസക്കാരുടെ ആവശ്യം സംസ്ഥാന സർക്കാർ ഒരു ജുഡീഷ്യൽ കമ്മീഷനെ നിശ്ചയിച്ച് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് മെക്ക സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. മുനമ്പത്തെ തർക്ക ഭൂമിയെ സംബന്ധിച്ച് സമഗ്രമായി പഠിക്കാൻ മെക്ക നിശ്ചയിച്ച ഫാക്ട് ഫൈൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് ചർച്ചചെയ്യാൻ കൂടിയ വിശേഷാൽ യോഗം, കമ്മിറ്റി ചെയർമാൻ കൂടിയായ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. പി. നസീർ ഉത്ഘാടനം ചെയ്തു.

അനധികൃത വൻകിട കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ സർക്കാർ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം മുനമ്പത്തെ പരമ്പരാഗത താമസക്കാർക്ക് സമാശ്വാസം നൽകുന്ന തീരുമാനമാണ് സർക്കാർ കൈക്കൊള്ളേണ്ടത്. 2008ലെ അച്ചുതാന്ദൻ സർക്കാർ നിശ്ചയിച്ച നിസാർ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണ് നിലവിലെ അനിശ്ചിതത്വം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ, സാമുദായിക സ്പർദ്ധക്ക് ഇടനൽകാതെ തൽപരകക്ഷികളുടെ അരാഷ്ട്രീയ ഇടപെടലുകൾക്ക് അവസരം നൽകാതെയും, അടിയന്തിര പ്രാധാന്യത്തോടുകൂടി പ്രശ്നം പരിഹരിക്കപ്പെടണം. ഫാക്ട് ഫൈൻഡിങ് കമ്മറ്റി ജനറൽ കൺവീനർ എൻ.കെ അലി, അംഗങ്ങളായ പ്രൊഫ. ഇ .അബ്ദുൽ റഷീദ് ,പ്രൊഫ. എ.നിസാറുദ്ദീൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ഗൗരവമായി ചർച്ച ചെയ്യുവാൻ വിവിധ സംഘടനാ പ്രതിനിധികളുടെ ടേബിൾ ടോക്ക് എറണാകുളത്ത് സംഘടിപ്പിക്കുന്നതാണെന്ന് മെക്ക സംസ്ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Comments (0)
Add Comment