ഉപസംവരണം നടപ്പിലാക്കണം – സിദ്ധനർ സർവീസ് സൊസൈറ്റി മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം. പട്ടികജാതി പട്ടികവർഗക്കാർക്ക് ഉപസംവരണം വേണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കമ്മീഷനെ നയോഗിക്കണമെന്ന് ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കരകൗശല വികസന കോർപ്പറേഷൻ ചെയർമാനുമായ പി.രാമഭദ്രൻ. ഉപസംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംവരണം ഉണ്ടായ കാലം മുതൽ പിന്നാക്ക സമുദായങ്ങൾക്ക് ഉപസംവരണമുണ്ടായിരുന്നു. പട്ടികജാതി പട്ടികവർഗക്കാർക്കുണ്ടായിരുന്ന ഉപസംവരണം പിന്നീട് നിർത്തലാക്കിയതാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിലവിലെ സാഹചര്യങ്ങൾ പഠിക്കാനാണ് കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത്.

സംവരണത്തിലൂടെ അവകാശങ്ങൾ വിതരണം ചെയ്യുമ്പോൾ അസന്തുലിതാവസ്ഥ നിലവിലുണ്ട്. ചില സമുദായങ്ങൾക്ക് സംവരണത്തിന്റെ ഒരു തരത്തിലുള്ള ആനുകൂല്ല്യവും ലഭിക്കുന്നില്ല. പട്ടികജാതിയിലെ ഏറ്റവും പിന്നണിയിൽ കഴിയുന്ന വേടർ സമുദായത്തിൽ ഡോക്ടറേറ്റ് ലഭിച്ച യുവതിക്ക് പോലും ജോലി ലഭിച്ചിട്ടില്ല. 69 സമുദായങ്ങളുള്ള പട്ടികജാതിയിൽ അതിപിന്നാക്ക സമുദായങ്ങളുണ്ട്. അവരിൽ മഹാഭൂരിപക്ഷത്തിനും സംവരണത്തിന്റെ ആനുകൂല്ല്യം ലഭിക്കുന്നില്ല.

പട്ടികവർഗ ലിസ്റ്റിൽ 43 സമുദായങ്ങളാണുള്ളത്. 90 ശതമാനം സംവരണവും ഇവരിലെ നാല് സമുദായങ്ങളാണ് നേടിയെടുക്കുന്നത്. സംവരണത്തിലൂടെയുള്ള രാഷ്ട്രീയ അധികാരവും ഇത്തരത്തിലാണ് കൈക്കലാക്കുന്നത്. ഏത് മാർഗത്തിലായാലും ഈ വിവേചനത്തിന് പരിഹാരം കണ്ടേ മതിയാകൂ എന്നും പി.രാമഭദ്രൻ പറഞ്ഞു.

സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഒ.സുധാമണി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.രവികുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ആർ.ദിലീപ് കുമാർ, കെ.അജിമോൻ, അഡ്വ.ലാൽജിമോൻ, ആറ്റിങ്ങൽ ബാലകൃഷ്ണണൻ, ആർ.രാഹുൽ, എ.രാഘവൻ, പള്ളിക്കൽ രഘു, കെ.പി.മധു, എം.എൻ.സുനിൽകുമാർ, ആർ.രാജ്, റ്റി.ഉഷ തുടങ്ങിയവർ പ്രസംഗിച്ചു.

Comments (0)
Add Comment