ടെക്നോപാര്‍ക്കിലെ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് വീണ്ടും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ബഹുമതി

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ആഗോള ഐടി സൊല്യൂഷന്‍ ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം. ജീവനക്കാരുടെ പ്രതികരണവും കമ്പനിയുടെ തൊഴിലാളി സൗഹൃദ പ്രവര്‍ത്തനവും വിലയിരുത്തി അന്താരാഷ്ട്ര തലത്തില്‍ നല്‍കുന്ന സാക്ഷ്യപത്രമാണിത്. കമ്പനിയുടെ വിപണി വളര്‍ച്ച, ജീവനക്കാരെ നിലനിര്‍ത്തല്‍, സാങ്കേതിക നൂതനത്വം ഉള്‍ക്കൊള്ളല്‍ എന്നിവയും ബഹുമതിക്കായി പരിഗണിച്ചു.ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ വലിയ അംഗീകാരമാണെന്നും തൊഴിലിടത്തിലെ ജീവനക്കാരുടെ സമര്‍പ്പണവും സംതൃപ്തിയുമാണ് ഈ നേട്ടത്തിനു കാരണമെന്നും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കിലെ ഗ്ലോബല്‍ റെക്കഗ്നിഷന്‍ വൈസ് പ്രസിഡന്‍റ് സാറാ ലൂയിസ് കുലിന്‍ പറഞ്ഞു. കമ്പനി സംസ്കാരത്തെക്കുറിച്ച് ജീവനക്കാരുടെ തത്സമയ പ്രതികരണം വഴി ലഭിക്കുന്ന ഏക ഔദ്യോഗിക അംഗീകാരമാണിത്. ഈ നേട്ടത്തിലൂടെ ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്ന മികച്ച കമ്പനികളില്‍ ഒന്നായി  റിഫ്ളക്ഷന്‍സ് വേറിട്ടുനില്‍ക്കുന്നുവെന്ന് വ്യക്തമായെന്നും സാറാ ലൂയിസ് കൂട്ടിച്ചേര്‍ത്തു.ജീവനക്കാരുടെ അനുഭവത്തിന് കമ്പനി പരമാവധി മൂല്യം നല്‍കുന്നതിനാലാണ് തുടര്‍ച്ചയായി രണ്ടാം തവണയും ഈ ബഹുമതി ലഭിച്ചതെന്നും ഇതില്‍ അഭിമാനമുണ്ടെന്നും റിഫ്ളക്ഷന്‍സ് സിഇഒ ദീപ സരോജമ്മാള്‍ പറഞ്ഞു. സഹകരണത്തിന്‍റെയും വിശ്വാസത്തിന്‍റെയും ആദരവിന്‍റെയും സംസ്കാരത്തിന്‍റെ തെളിവാണ് ഈ അംഗീകാരം. നേട്ടത്തില്‍ എല്ലാവരോടും നന്ദി പറയുന്നുവെന്നും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ റിഫ്ളക്ഷന്‍സിന്‍റെ പ്രതിബദ്ധത വര്‍ധിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ശക്തമായ നേതൃത്വം, വൈവിധ്യത്തോടുള്ള പ്രതിബദ്ധത, തുല്യത, എല്ലാത്തിനെയും ഉള്‍ക്കൊള്ളല്‍, തുറന്ന ആശയവിനിമയം, തുടര്‍ച്ചയായ പഠനത്തിനുള്ള വഴികള്‍, തൊഴില്‍-ജീവിത സന്തുലിതാവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നൈപുണ്യമുള്ള ജീവനക്കാരെ അംഗീകാരത്തിലൂടെയും പ്രതിഫലത്തിലൂടെയും പ്രോത്സാഹിപ്പിക്കുക, മികച്ച തൊഴിലിട സംസ്കാരം എന്നിവയാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷനിലേക്ക് കമ്പനികളെ തെരഞ്ഞെടുക്കുന്ന ഘടകങ്ങള്‍.1992 ല്‍ ആരംഭിച്ച ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ തൊഴിലിടങ്ങളുടെ നിലവാരത്തിലെ ആഗോള മാനദണ്ഡമാണ്. സുവ്യക്തമായ തൊഴിലാളി പ്രതികരണം, തത്സമയ വിവരശേഖരണം എന്നിവയെല്ലാം കൊണ്ട് ആഗോളതലത്തില്‍ ഏറെ വിശ്വാസ്യതയുള്ള പ്രസ്ഥാനമാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്.
Comments (0)
Add Comment