എ ഐ കാലത്ത് ഭാഷാപഠനത്തിന് സാധ്യതകളേറെ

തേഞ്ഞിപ്പലം . എ ഐ കാലത്ത് ഭാഷാപഠനം സാധ്യതകളേറെയാണെന്ന് കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭാഷാ ശൈലിയും പ്രയോഗങ്ങളുമൊക്കെ കാലികമായ മാറ്റത്തിന് വിധേയമാണെന്നും ഭാഷാ സിദ്ധാന്തങ്ങളുടെ വിമര്‍ശനാത്മകമായ വിലയിരുത്തലുകളിലൂടെയാണ് ഭാഷ വികസിക്കുകയെന്നും ആധുനിക ഭാഷാ സാഹിത്യ സിദ്ധാന്തങ്ങളും ഗള്‍ഫ് സാഹിത്യത്തില്‍ അവയുടെ പ്രയോഗവും എന്ന തലക്കെട്ടില്‍ ആരംഭിച്ച സെമിനാര്‍ വിലയിരുത്തി.

ആധുനിക ഭാഷാ സാഹിത്യ സിദ്ധാന്തങ്ങള്‍ ഗള്‍ഫ് സാഹിത്യത്തെ ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ടെന്നും പ്രായോഗിക ഡജീവിതവും സിദ്ധാന്തങ്ങളും തമ്മിലുള്ള സമന്വയമാണ് ഗള്‍ഫ് സാഹിത്യം അടയാളപ്പെടുത്തുന്നതെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.

കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പും ഫാറൂഖ് കോളേജ് അറബി വകുപ്പും യുഎഇയിലെ ദാറുല്‍ യാസ്മീന്‍ പബ്‌ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ചാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സെമിനാര്‍ സംഘടിപ്പിക്കുന്നത്.

യുഎഇയിലെ പ്രശസ്ത പ്രസാധാകരായ ദാറുല്‍ യാസ്മീന്‍ പബ്‌ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി സിഇഒ ഡോ. മറിയം അല്‍ ശനാസി, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേര്‍സിറ്റി അറബിക് വിഭാഗം പ്രൊഫസര്‍മാരായ ഡോ. ഖാലിദ് അല്‍ കിന്‍ദി, ഡോ.അബ്ദുറഹിമാന്‍ തുഅ്മ, ഡോ. മുഹമ്മദ് മുസ്തഫ, ടെക്നോളജി ആന്റ് ആപ്ളിക്കേഷന്‍ സയന്‍സ് യൂണിവേര്‍സിറ്റി പ്രൊഫസര്‍ ഡോ. സഈദ് അല്‍ സല്‍ത്തി തുടങ്ങിയവരാണ് വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചത്.

ഇഎംഎസ് സെമിനാര്‍ കോംപ്‌ളക്‌സില്‍ ആരംഭിച്ച സെമിനാറില്‍ ചരിത്രകാരനും കാലിക്കറ്റ് യൂണിവേര്‍സിറ്റി മുന്‍വൈസ് ചാന്‍സിലറുമായ ഡോ. കെ.കെ.എന്‍.കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സംസ്‌കാരമാണ് അറബികള്‍ ഇന്ത്യക്ക് പകര്‍ന്ന് നല്‍കിയതെന്നും സാഹോദര്യവും ഏകമാനവികതയുമാണ് ഇന്തോ അറബ് ബന്ധം അടയാളപ്പെടുത്തുന്നതെന്നും ഡോ. കുറുപ്പ് പറഞ്ഞു.

വശ്യ സുന്ദരമായ അറബി ഭാഷ സംഗീതാത്മകവും മനോഹരവുമാണെന്നും മനസുകളെ കോര്‍ത്തിണക്കുന്നതാണെന്നും ചടങ്ങില്‍ സംസാരിച്ച കാലടി സം,സ്്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗീതാ കുമാരി പറഞ്ഞു.

ഫാറുഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഐഷ സ്വപ്‌ന, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സാജിദ് ഇകെ, അറബി വകുപ്പ് മേധാവി ഡോ. യൂനുസ് സലീം, കാലിക്കറ്റ് സര്‍വകലാശാല മലയാളം വകുപ്പ് മേധാവി ഡോ. ആര്‍.വി.എം. ദിവാകരന്‍, അറബി വകുപ്പ് പ്രൊഫസര്‍ ഡോ. ഇ അബ്ദുല്‍ മജീദ് , പ്രിന്‍സിപ്പല്‍സ് കണ്‍സോര്‍ഷ്യം സെക്രട്ടറി ഡോ.ഐ.പി.അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു.
കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള നിരവധി അറബി വിദ്യാര്‍ഥികളും അധ്യാപകരും സമ്മേളനത്തില്‍ പങ്കെടുത്തു.
സര്‍വകലാശാല അറബി വകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.

കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഡോ. അലി നൗഫല്‍ സ്വാഗതവും ജോയന്റ് കോര്‍ഡിനേറ്റര്‍ ഡോ.കെ.പി. അബ്ബാസ് നന്ദിയും പറഞ്ഞു.
സമ്മേളനം ഇന്നും തുടരും.

Comments (0)
Add Comment