ഹെല്‍സിങ്കി സര്‍വകലാശാലയുമായി സഹകരിച്ച് ഭാവി പാഠ്യപദ്ധതിയുമായി കേരള സ്റ്റാര്‍ട്ടപ്പ് ലൈഫോളജി

തിരുവനന്തപുരം: കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ ലൈഫോളജി ഫിന്‍ലാന്‍ഡിലെ ഹെല്‍സിങ്കി സര്‍വകലാശാലയുമായി സഹകരിച്ച് ഭാവിയിലേക്കുള്ള വിദ്യാഭ്യാസ ചട്ടക്കൂടായ ‘കരിക്കുലം 2030’ ഇന്ന് ടെക്നോപാര്‍ക്കില്‍ പ്രകാശനം ചെയ്തു.

ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററില്‍ നടന്ന ചടങ്ങില്‍  ഫിന്‍ലാന്‍ഡിലെ കോണ്‍സല്‍ ജനറല്‍ എറിക് അഫ് ഹാള്‍സ്ട്രോം കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബുവിന് കൈമാറിയാണ് പാഠ്യപദ്ധതി പുറത്തിറക്കിയത്. എ.എ. റഹീം എംപി 2030 ലെ കരിക്കുലത്തിനായുള്ള ആപ്പ് പുറത്തിറക്കി.

സാമൂഹിക, സാങ്കേതിക, പാരിസ്ഥിതിക മേഖലകളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളെ അഭിസംബോധന ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഭാവി പഠന പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹെല്‍സിങ്കി സര്‍വകലാശാലയും ഒരു കേരള സ്റ്റാര്‍ട്ടപ്പും തമ്മിലുള്ള ആദ്യത്തെ സഹകരണമാണിത്. ഇന്ത്യയും ഫിന്‍ലാന്‍ഡും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75 -ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചായിരുന്നു ഈ പരിപാടി. സുസ്ഥിരവും നൂതനവുമായ ഭാവിയെക്കുറിച്ചുള്ള ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടിന് അടിവരയിടുന്നതാണിത്.

കേരളത്തിനും ഫിന്‍ലന്‍ഡിനും ഇടയിലുള്ള വിദ്യാഭ്യാസ മേഖലയിലെ പ്രധാന അധ്യായമാണ് കരിക്കുലം 2030 എന്ന് ഹാള്‍സ്ട്രോം പറഞ്ഞു. പഠനത്തോടുള്ള നൂതന സമീപനത്തിനും വിദ്യാര്‍ത്ഥികളുടെ വിമര്‍ശനാത്മക ചിന്തയ്ക്കും വൈകാരിക വികാസത്തിനും ഫിന്‍ലാന്‍ഡ് പേരുകേട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തെ ഫിന്നിഷ് വൈദഗ്ധ്യവും കേരളത്തിന്‍റെ ചലനാത്മകമായ ആവാസവ്യവസ്ഥയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഈ സംരംഭം മികവുറ്റ തലമുറയെയും നേതൃപാടവമുള്ളവരെയും വാര്‍ത്തെടുക്കും. വിദ്യാര്‍ത്ഥി കേന്ദ്രീകൃത സമീപനത്തിലുള്ള സമഗ്ര വിദ്യാഭ്യാസത്തിനായുള്ള കാഴ്ചപ്പാടാണ് ഈ സഹകരണത്തിന്‍റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോബല്‍ സമ്മാന ജേതാവ് സര്‍ റിച്ചാര്‍ഡ് ജെ. റോബര്‍ട്ട്സ് ചീഫ് മെന്‍ററായി വികസിപ്പിച്ചെടുത്ത ഈ പാഠ്യപദ്ധതിയില്‍ ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഡോ. മാര്‍ക്കസ് ടാല്‍വിയോ ലീഡ് എക്സ്പേര്‍ട്ട് ആണ്. ഡോ. ബ്രയാന്‍ ഹച്ചിസണ്‍, അലന്‍ ഗേറ്റന്‍ബി, മെര്‍ലിന്‍ മേസ് തുടങ്ങിയ ആഗോള ഉപദേഷ്ടാക്കളുടെ സംഭാവനകള്‍ പാഠ്യപദ്ധതിയെ സമ്പന്നമാക്കുന്നു.

ഫിന്‍ലന്‍ഡും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പാഠ്യപദ്ധതി ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനം ചെയ്യുമെന്നും ഡോ. ടാല്‍വിയോ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ഫിന്‍ലാന്‍ഡിന്‍റെ വിദ്യാഭ്യാസ സമ്പ്രദായം സമകാലിക മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതും അധ്യാപകരില്‍ വിശ്വാസം അര്‍പ്പിക്കുന്നതും സര്‍ഗ്ഗാത്മകതയെ വിലമതിക്കുന്നതും സന്തോഷത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്നതാണ് എഎ റഹീം എംപി പറഞ്ഞു. കേരളത്തിന്‍റെ വിദ്യാഭ്യാസ സമ്പ്രദായം ഏറെക്കാലമായി മികവിന്‍റെ പാതയിലാണ്. മികച്ച നയങ്ങളിലൂടെ സംസ്ഥാനം വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. ഉയര്‍ന്ന സാക്ഷരതാ നിരക്കും കേരളത്തിന്‍റെ സവിശേഷതയാണ്. നൂതന സാങ്കേതികവിദ്യയും പുതിയ പങ്കാളിത്തങ്ങളും സ്വീകരിച്ചുകൊണ്ട് ഭാവിയില്‍ വിദ്യാഭ്യാസത്തില്‍ ഇന്ത്യയെ നയിക്കാന്‍ ഒരുങ്ങുകയാണ് കേരളം. ഫിന്‍ലാന്‍ഡിന്‍റെ ആഗോളതലത്തില്‍ പ്രശസ്തമായ വിദ്യാഭ്യാസ സമ്പ്രദായത്തെ കേരളത്തിന്‍റെ പാഠ്യപദ്ധതിയിലേക്ക് സംയോജിപ്പിക്കാനുള്ള ശ്രമം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവി പാഠ്യപദ്ധതി സാമൂഹിക-വൈകാരിക പഠനം, നാഡീശാസ്ത്രം, മനുഷ്യന്‍റെ ശേഷികള്‍, സുസ്ഥിരത, തുല്യത, ആജീവനാന്ത പഠനം എന്നിവ സമന്വയിപ്പിക്കുകയും അവയെ അത്യാധുനിക ഗവേഷണവും അനുഭവ രീതിശാസ്ത്രങ്ങളുമായി സംയോജിപ്പിക്കുകയും ചെയ്യുന്നുവെന്ന് ലൈഫോളജി സിഇഒ പ്രവീണ്‍ പരമേശ്വര്‍ പറഞ്ഞു. ഈ സവിശേഷമായ രേഖ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അക്കാദമിഷ്യന്‍മാര്‍ക്കും ഭരണനിര്‍വ്വഹണ തലത്തിലും ഒരുപോലെ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഇന്‍റര്‍നാഷണല്‍ സെയില്‍സ് മാനേജര്‍ (വിദ്യാഭ്യാസം) മിര്‍ക്ക ഗുസ്താഫ്സണ്‍, ഗ്രാവിറ്റോ ആന്‍ഡ് വെഞ്ച്വര്‍ വില്ലേജിന്‍റെ സഹസ്ഥാപക ഉണ്ണികൃഷ്ണന്‍ എസ്. കുറുപ്പ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധിഅജേഷ്, സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, കരിയര്‍ കൗണ്‍സിലര്‍മാര്‍, അക്കാദമിഷ്യന്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ടാല്‍റോപ്പ്, ഹെല്‍സിങ്കി സര്‍വകലാശാല എന്നിവയുമായി സഹകരിച്ച് ഇന്ത്യയിലുടനീളം ‘ഇന്ത്യ ഫിന്‍ലാന്‍ഡ് സമ്മര്‍ ക്യാമ്പ്’ എന്ന പേരില്‍ 100 സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് പരിപാടിയില്‍ ലൈഫോളജി അറിയിച്ചു.
Comments (0)
Add Comment